1.8.11

ചിത്രം - ആഭിജാത്യം
പി ഭാസ്കരന്‍ - എ റ്റി ഉമ്മര്‍ - യേശുദാസ്

ചമ്പകപ്പൂങ്കാവനത്തിലെ പൂമരച്ചോട്ടില്‍
പണ്ടൊരിക്കലൊരാട്ടിടയന്‍ തപസ്സിരുന്നു..
വിണ്ണില്‍നിന്നും വന്നിറങ്ങിയ ഭഗവാനപ്പോള്‍ ഒരു
ചന്ദനത്തിന്‍ മണിവീണ അവനുനല്‍കി..

തങ്കസ്വപ്നശതങ്ങളാല്‍ തന്ത്രികള്‍കെട്ടി അതില്‍
സുന്ദരപ്രതീക്ഷതന്‍ ചായംപുരട്ടി...
ആര്‍ത്തലച്ചു ഹൃദയത്തില്‍ തുളുമ്പിയ ഗാനങ്ങൾ
‍രാത്രിയും പകലുമവന്‍ വീണയില്‍മീ‍ട്ടി...

ആ മധുരസംഗീതത്തിന്‍ ലഹരിയാലേ സ്വന്തം
ഭൂമിദേവിയെ പാവം മറന്നുപോയി..
ശ്യാമളമാം ഭൂമിയാകെ പാഴ്‌മരുവായ് മാറിപ്പോയി
പാവമപ്പോള്‍ പശിയാലേ പാട്ടുനിര്‍ത്തി...

കാത്തുനില്‍ക്കും വയലില്‍ തന്‍ കലപ്പയൂന്നി തന്റെ
വേര്‍പ്പുകൊണ്ടു വിതയ്ക്കുവാന്‍ അവനിറങ്ങി
എന്നുമെന്നും സമൃദ്ധിതന്‍ പൊന്‍മണികള്‍ വിളയിക്കാന്‍
മണ്ണിതിന്റെ മകനായ് അവനിറങ്ങി...