ചിത്രം - തിരുവോണം
ശ്രീകുമാരന്‍ തമ്പി - എം കെ അര്‍ജുനന്‍ - യേശുദാസ്
ആ ത്രിസന്ധ്യതന്‍ അനഘമുദ്രകൾ
ആരോമലേ നാം മറക്കുവതെങ്ങിനെ..
ആദ്യ സമാഗമ നിമിഷ സ്പന്ദം
ആത്മപ്രിയേ നാം മറക്കുവതെങ്ങിനെ....
പാടല പശ്ചിമ വ്യോമഹൃദന്തം
പാടി വിടര്‍ത്തിയ താരകമല്ലിക
ആലിംഗനസുഖ കഥ പറഞ്ഞൊഴുകും
ആകാശമേഘ തരംഗാവലികള്‍...
ആ നക്ഷത്ര സുമത്തില്‍ നിന്‍ മിഴി
നാണത്തിന്നൊളി നിന്നു തുടിച്ചതും
ആ മേഘങ്ങളുരുമ്മിയനേരം
നാമിരു തിരകള്‍പോലെയുയര്‍ന്നതും
അമലേ ഇനി നാം മറക്കുവതെങ്ങിനെ
ആ ചിത്രങ്ങള്‍ മായ്‌ക്കുവതെങ്ങിനെ...
താഴ്വരചൂടിയ ദാഹവസന്തം
തേടി വണങ്ങിയ മന്ദസമീരണന്‍..
ആശാസുന്ദരവര്‍ണ്ണരഥംപോല്‍
ആടിയുലഞ്ഞു പറന്ന പതംഗിക
ആ ശൃംഗാരവനത്തില്‍ നിന്‍ ചിരി
ഓരോ പൂവിലും ഒളിയായ് നിന്നതും
ആ ശലഭങ്ങള്‍ പാടിയനേരം
നാമിരു രാഗ ശലാകകളായതും
അഴകേ ഇനി നാം മറക്കുവതെങ്ങിനെ
ആ വര്‍ണ്ണങ്ങള്‍ മായ്ക്കുവതെങ്ങിനെ...